Mobirise Website Builder v4.11.6






324- മത് സ്നേഹഭവനം ശബരിമല ഡോളിവാഹകനായ അലക്‌സിന് നൽകി.
(08-Oct-2024)



സാമൂഹിക പ്രവർത്തക ഡോ .എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 324- മത് സ്നേഹഭവനം നടനും സംവിധായകനുമായ ജൂഡ് ആൻറണി ജോസഫിൻ്റെ സഹായത്താൽ അലക്‌സിനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി.വീടിൻ്റെ താക്കോൽദാനവും ഉദ്ഘാടനവും ജൂഡ് ആൻറണി ജോസഫ് നിർവഹിച്ചു.വർഷങ്ങളായി സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുകയായിരുന്നു അലക്‌സും കുടുംബവും. അലക്‌സിൻ്റെ ഏഴാം വയസ്സിൽ 66 കെ.വി.ലൈനിൽ നിന്നും ഷോക്കേറ്റ് ഗുരുതരവസ്ഥയിൽ കഴിഞ്ഞിരുന്ന അലക്‌സ് മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഒരു കൈയും കാൽപാദങ്ങളിലെ വിരലുകളും തുടകളിലെ മാംസവും നഷ്ടപ്പെട്ട സ്ഥിതിയിലായിരുന്നു.ഈ അവസ്ഥയിലും സ്വന്തമായി അധ്വാനിച്ച് കുടുംബത്തെ പോറ്റിയിരുന്ന അലക്‌സ് ശബരിമലയിൽ അയ്യപ്പഭക്തരെ ഡോളിയിൽ ചുമലിലേറ്റി സന്നിധാനത്തിൽ എത്തിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.അലക്‌സിൻ്റെ ജീവിതകഥ മനസ്സിലാക്കിയ ടീച്ചർ അലക്‌സിനും കുടുംബത്തിനുമായി അടിമാലി മച്ചിപ്ലാവ് സ്വദേശിയായ പി.ഐ. ഡേവിഡ് നൽകിയ നാല് സെൻറ് ഭൂമിയിൽ രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു. പ്രസ്തുത സ്ഥലത്ത് സ്വന്തമായി വീടും സ്ഥലവും ഇല്ലാതിരുന്ന ഒൻപത് കുടുംബങ്ങൾക്കാണ് ടീച്ചർ ഇവിടെ സ്നേഹ ഭവനങ്ങൾ ഒരുക്കിയത്. ഇതിൽ ഒമ്പതാമത്തെ സ്നേഹഭവനമാണ് അലക്‌സിന് നൽകിയത്. ചടങ്ങിൽ വാർഡ് മെമ്പർ റൂബി സിജു, പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ, വർഗീസ്, പി.ഐ.ഡേവിഡ്, പി.ഐ.സാബു എന്നിവർ പ്രസംഗിച്ചു.